മഞ്ചേരി: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏറനാട് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുടങ്ങി. വെള്ളം കയറിയ പ്രദേശത്തെ കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 11 സ്ത്രീകളും 17 കുട്ടികളും ഒന്‍പത് പുരുഷൻമാരും അടക്കം 37 പേരാണ് ക്യാന്പിൽ കഴിയുന്നത്.
തുറക്കൽ ബൈപാസിന് സമീപം അയനിക്കുത്ത് ഉന്നതിയിലെ രണ്ട് വീടുകളിൽ വെള്ളം കയറി. മൂന്നു വീടുകളിൽ സിറ്റൗട്ടിനൊപ്പം വെള്ളം എത്തി. ഒരു കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് താമസം മാറി.
വലിയട്ടിപ്പറന്പ് അങ്കണവാടിയിലാണ് മഞ്ചേരി വില്ലേജിലെ ക്യാന്പ് പ്രവർത്തിക്കുന്നത്. വെള്ളം കയറിയ ഒരു വീട്ടിൽ താമസമില്ല. വെള്ളം കയറിയ പ്രദേശത്ത് നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉമ്മർ, നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, മുനിസിപ്പൽ എൻജിനിയർ പി. നന്ദകുമാർ, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം എന്നിവർ സന്ദർശിച്ചു.
തൃക്കലങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാരക്കുന്ന് വില്ലേജിൽ ആമയൂർ നെല്ലിക്കുന്ന് ഹൗസിൽ കദീജ കാരാട്ടുകുളങ്ങരയുടെ വീടിന്റെ അടുക്കളയുടെ മുകൾ ഭാഗത്തേക്ക് മതിലിടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു. ഓടിട്ട ഭാഗം ഭാഗികമായി തകർന്നു. ശക്തമായ മഴയിൽ കിണറിന്റെ ആൾമറ തകർന്നു. എളങ്കൂർ വില്ലേജിലെ പേലേപ്പുറത്ത് താമസിക്കുന്ന പാറക്കൽ മുസ്തഫയുടെ വീടിന്റെ കിണറിന്റെ ആൾമറയാണ് തൃക്കലങ്ങോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എം.എസ്.എ. അൻവർ കോയ തങ്ങൾ സ്ഥലം സന്ദർശിച്ചു.
വീടുകൾ തകർന്നു
മലപ്പുറം: മലപ്പുറം കൈനോട്ടിൽ അതിശക്തമായ കാറ്റിലും മഴയിലും വീടുകളുടെ അടുക്കളഭാഗം തകർന്നുവീണു. അപകടത്തിലകപ്പെട്ട ഉമൈബ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നു വീടുകൾ ഭാഗികമായി തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മലപ്പുറം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് നിർദേശങ്ങൾ നൽകി.
സേനാംഗങ്ങളായ കെ. അഭിലാഷ്, പി. മുഹമ്മദ് ഷഫീഖ്, ആർ. രാജേഷ്, കെ.വി. കുഞ്ഞഹമ്മദ്, ടി. ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
വ്യാപക നാശനഷ്ടം
ചങ്ങരംകുളം: കനത്ത മഴയിലും ശക്തമായ കാറ്റിലും ചങ്ങരംകുളം മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാന പാതയില്‍ കൂറ്റന്‍ മതില് തകര്‍ന്നു. വൈദ്യുതി വിതരണം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതവും ദുരിതത്തിലായി.
ഇന്നലെ പകല്‍ 11ഓടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള കെവിഎം അടക്ക മാര്‍ക്കറ്റിന്റെ കൂറ്റന്‍ മതില് ഇടിഞ്ഞുവീണത്. അതേസമയം നരണിപ്പുഴ കുഴപ്പുള്ളി മണ്ണാര്പ്പടവ് റോഡില്‍ തെങ്ങ് കടപുഴകി വീണ് വൈദ്യുത ലൈനുകള്‍ തകര്‍ന്നു. ഇതോടെ മേഖലയില്‍ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു.
ചുങ്കത്തറയിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എടക്കര: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ കുടുംബത്തെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. എരുമമുണ്ട നിർമല ഹയർ സെക്കൻഡറി ഹൈസ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്കാണ് വിളക്കണ്ടംപാറയിലെ ഏഴംഗ പട്ടികവർഗ കുടുംബത്തെ മാറ്റി പാർപ്പിച്ചത്.
ഗർഭിണി ഉൾപ്പടെയുള്ള കുടുബത്തെയാണ് ക്യാന്പിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ്, വില്ലേജ് ഓഫീസർ റോണിഷ് സിമേന്തി, പോത്തുകൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബത്തെ ക്യാന്പിലേക്ക് മാറ്റിയത്.
പട്ടാണിത്തരിശ് ഉന്നതിയിൽ മലവെള്ളപ്പാച്ചിൽ
കാളികാവ്: അടക്കാക്കുണ്ട് പട്ടാണിത്തരിശ് ഉന്നതിയിൽ മലവെള്ളപ്പാച്ചിലിൽ. ഇതേത്തുടർന്ന് പുഴയോരത്ത് വലിയ ഇടിച്ചിൽ നേരിട്ടു. നേരത്തേ മണ്ണിടിഞ്ഞ് വീട് ഭീഷണിയിലായ സ്ഥലത്താണ് വീണ്ടും ഇടിച്ചലുണ്ടായത്. പുഴയുടെ സംരക്ഷണഭിത്തിയിലാണ് ഇടിച്ചിൽ ഉണ്ടായിട്ടുള്ളത്. സമീപത്തെ വീട്ടുകാരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.